കൊല്ലവര്‍ഷം ആയിരത്തി തൊണ്ണൂറു, പഞ്ഞ മാസം കഴിഞ്ഞു പത്താം ദിവസം, കോട്ടയത്ത്‌ നിന്നും പത്രോസ് മാപ്പിളയും കുടുംബവും, മലബാര്‍ എക്സ്സ്സിന്ടെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കയറി തലശ്ശേരി കപ്പലിറങ്ങി. കോട്ടയത്തുണ്ടായിരുന്ന സ്ത്രീധനം കിട്ടിയ പുരയിടവും പിന്നെ അപ്പന്റെ വകയായിക്കിട്ടിയ പത്തു സെന്റ്‌ സ്ഥലവും വിറ്റു കിട്ടിയ പുത്തന്‍ കൊണ്ട്, കുടിയാന്മാലക്ക് താഴെ നാലേക്കര്‍ കാടു പ്രദേശം വാങ്ങിച്ചു. നാട്ടുകാര്‍ ഈ നട്ടപ്രാന്ത് കണ്ടു മൂക്കില്‍ വിരല് വച്ചു. അല്ലേലും ഒന്നാം നമ്പര്‍ പട്ടണത്തിലെ സ്ഥലവും വിട്ടു ഈ ഓണം കേറാമൂലയില്‍ സ്ഥലമെടുത്ത ഇങ്ങേര്‍ക്ക് തലയ്ക്കു ഓളമല്ലാതെ എന്താണ്. കാട്ടുപന്നിയും ഇടയ്ക്കു പുലിയും പിന്നെ ഒറ്റയാനും ഇറങ്ങുന്ന സ്ഥലം, വല്ലതും നട്ടു പിടിപ്പിക്കാന്‍ വെള്ളം തന്നെ കിട്ടാന്‍ പ്രയാസം. പറക്കമുറ്റാത്ത രണ്ടു പിള്ളേരെയും കൊണ്ട് ഈ മനുഷ്യന്‍ എന്ത് ചെയ്യാന്‍ എന്നായി നാട്ടാര്‍. പത്രോസിനാകട്ടെ യാതൊരു കുലുക്കവും ഇല്ല. തല ചായ്ക്കാന്‍ ചെറിയ ഒരു കൂര പണിത് പത്രോസും കെട്ടിയോളും കുന്നിന്റെ താഴെ താമസമാക്കി. വിശാലമായ തങ്ങളുടെ ഭൂമി നോക്കി പത്രോസ് കേട്ടിയോളോട് "കണ്ടോടീ...അന്നമ്മേ.. ഇത് മുഴുവന്‍ നിന്റെ രാജ്യം തന്നെയാടീ, നീ കണ്ടോ രണ്ടു കൊല്ലം കൊണ്ടു നമ്മള്‍ ഇവിടെ ഒരു കൊട്ടാരം പണിയും."

എന്നും രാവിലെ തൂമ്പയും പിക്കാസുമെടുത്തു പത്രോസും അന്നാമ്മയും തൊടിയിലോട്ടിറങ്ങും, പിള്ളേര്‍ക്ക് കഴിക്കാന്‍ കപ്പയും മീനും ഉണ്ടാക്കി വീട്ടില്‍ വച്ച്, അവരവരുടെ ഓഹരി പൊതിഞ്ഞെടുത്തു ഒരു കുടം വെള്ളവും കൊണ്ട് പുലര്‍ച്ചക്ക് വീട്ടിന്നിറങ്ങുന്ന ദമ്പതികള്‍ തിരിച്ചെത്തുമ്പോഴേക്കും നേരം ഇരുട്ടും. രാപ്പകല്‍ അധ്വാനിച്ചു അവര്‍ തങ്ങളുടെ നാലേക്കറില്‍ കൃഷി ഇറക്കി. ചേന, ചേമ്പ്, കാച്ചില്‍, തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും, വാഴ,കറിവേപ്പില, മത്തന്‍, പടവലം, കയ്പ, വെള്ളരി,കക്കിരി, തുടങ്ങിയ പച്ചക്കറിപഴവര്‍ഗങ്ങളും, കുരുമുളക്, ജാതി, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ മലഞ്ചരക്കുകളും തുടങ്ങി നടാന്‍ പറ്റുന്ന എല്ലാം നട്ടു വളര്‍ത്തി. പോരാഞ്ഞതിനു ഒരു സങ്കരയിനം ജേര്‍സി പശുവിനെ വാങ്ങി ക്ഷീരവിപ്ലവവും തുടങ്ങി ചെടികള്‍ക്ക് ജൈവ വളത്തിന്റെ ലഭ്യത ഉറപ്പു വരുത്തി. ക്ലേദം കൂടിയ വനകന്യകയായ പുതു മണ്ണില്‍ ചെടികള്‍ തഴച്ചു വളര്‍ന്നു. കാലം തെറ്റാതെ കാലവര്‍ഷം വരുന്ന സമയം. കാട്ടുപന്നികളും മറ്റു മൃഗങ്ങളും ചേര്‍ന്ന് കൃഷി നശിപ്പിക്കുന്നത് മാത്രമായിരുന്നു പത്രോസിന്റെ കൃഷിക്ക് ഒരു ഭീഷണി. കണ്ണൂരില്‍ പോയി ഒരു റിട്ടയേര്‍ഡ്‌ ആര്‍മിക്കാരന്റെ കയ്യില്‍ നിന്നും ചുളുവിലക്ക് ഒരു തോക്കും സംഘടിപ്പിച്ചു, പത്രോസും അന്നമ്മയും വെളിയില്‍ തൊടിയില്‍ വിളക്ക് കൊളുത്തി വച്ച് "വിള"ക്ക് കാവലിരുന്നു. പത്രോസിന്റെ തൊടിയില്‍ ഓസിനു രാത്രി പുട്ടടിക്കാന്‍ വരുന്ന കാട്ടുപന്നികള്‍ പിന്നെ തിരിച്ചു പോയില്ല. പന്നികള്‍ വരുന്ന ദിനങ്ങള്‍ പത്രോസിന്റെ പിള്ളേര്‍ക്ക് ആനന്ദത്തിന്റെതായിരുന്നു, പിറ്റേന്ന് വയര് നിറച്ചു അപ്പവും പോര്‍ക്ക് കറിയും കഴിക്കുന്ന കാര്യം ആലോചിച്ചു വായില്‍ ടൈറ്റാനിക് മുങ്ങാന്‍ പാകത്തിന് വെള്ളം വരുമ്പോള്‍, ലോകത്തിലുള്ള എല്ലാ കാട്ടുപന്നികളും ഒന്നിച്ചു തൊടിയിലേക്ക് വരാന്‍ പിള്ളേര്‍ പുണിയാളച്ചന് മെഴുകുതിരി നേരാറുണ്ട്. (ആ സമയത്ത് കാട്ടില്‍ ആവശ്യത്തിന് പന്നികള്‍ ഉണ്ടായിരുന്നത് കൊണ്ടും അന്ന് ഭരിച്ചിരുന്ന വനം വകുപ്പ് മന്ത്രിക്കു പന്നി ഇറച്ചി നന്നേ ബോധിച്ചത് കൊണ്ടും, വന്യജീവിസംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ടായിരുന്നില്ല.)

പത്രോസിന്റെ കൃഷിയും കീശയും വികസിച്ചു. കന്നാലികളുടെ (ആശാന്‍ ഉദ്ദേശിച്ചത് പശുക്കള്‍ എന്നാണു അല്ലാതെ മക്കള്‍ അല്ല) എണ്ണം നാലായി. ലാഭം കിട്ടിയതില്‍ ഒരു വിഹിതമെടുത്തു പത്രോസ് ഒരു നാലേക്കര്‍ നിലം കൂടി, കുന്നിന്റെ ചെരുവില്‍ വാങ്ങി. ദീര്‍ഘവീക്ഷണമുള്ള പത്രോസ് പിള്ളേര്‍ക്ക് പ്രായമായി കോളേജില്‍ പോകാന്‍ നേരത്ത്‌, റബ്ബര്‍ ചുരത്തും എന്ന് കണക്കുകൂട്ടി, നാലേക്കര്‍ മുഴുവന്‍ റബ്ബര്‍ നട്ടു. കണ്ണിലെണ്ണയൊഴിച്ചു, കന്നാലികള്‍ ഒന്നും കടിക്കാതെ നോക്കി പത്രോസ് റബ്ബര്‍ കുട്ടികളെ പൊന്നു പോലെ നോക്കി. സ്വന്തം പിള്ളേരുടെ ഒപ്പം റബ്ബറും വളര്‍ന്നു, കോളേജില്‍ പോകാന്‍ പ്രായമയപ്പോഴേക്കും റബ്ബര്‍ ചുരത്താന്‍ തുടങ്ങി. മൂത്ത പുത്രനെ MBAക്കും ഇളയവനെ എഞ്ചിനീയറിംഗിനും വിട്ടു. നാട്ടുകാര്‍ പത്രോസിന്റെ ഈ പ്ലാനിംഗ് കണ്ടു അന്തം വിട്ടു. അയല്‍വീടുകളിലെ വീട്ടമ്മമാര്‍ക്ക് പത്രോസ് ആരാധ്യപുരുഷനായി(ആണുങ്ങള്‍ക്ക് ചതുര്‍ത്ഥിയും). എന്നും രാവിലെ എഴുന്നേറ്റ ഉടനെ മഹിളകള്‍ എല്ലാം ഒന്നിച്ചു തുടങ്ങും, "എടൊ മനുഷ്യാ, ആ പത്രോസ് അച്ചായനെ നോക്കി പഠിക്കൂ, എങ്ങനെ ആണ് കുടുംബവും കുട്ടികളെയും നോക്കേണ്ടത് എന്ന്". ഈവക ശകാരം കേട്ട്, സമീപത്തുള്ള ഭര്‍ത്താക്കന്മാരുടെ എല്ലാം ചെവി തഴമ്പിച്ചു.

പത്രോസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കോട്ടയത്ത് നിന്നും കൂടുതല്‍ ഗടികള്‍ ഉത്തരമലബാറിലേക്ക് തിരിച്ചു. മേലനങ്ങാനും എല്ലും മുറിയും വരെ പണിയാന്‍ ഒക്കാവുന്നവര്‍ ഒഴിച്ച് ബാക്കിയുള്ളോര്‍ മുഴുവന്‍ തിരിച്ചു പാലായിലേക്ക് വണ്ടി കയറി (വേലയും കൂലിയും ഇല്ലാതെ അങ്ങാടിയില്‍ പോയി വായിനോക്കി നില്‍ക്കുന്ന ഇവന്മാരില്‍ ചിലരെ തന്തമാര്‍ കല്യാണം കഴിപ്പിച്ചു ഭാര്യയുടെ ഉത്തരവാദിത്തത്തില്‍ അമേരിക്കയിലേക്ക്‌ കയറ്റി അയച്ചു). വന്ന എല്ലാരെയും കനിഞ്ഞനുഗ്രഹിച്ച കന്നിമണ്ണില്‍ ഒരു പുതു സമൂഹം അങ്ങനെ പച്ചപിടിച്ചു. പത്രോസും, യകൂബും മാനുവലും അങ്ങനെ കുറേപ്പേര്‍. കോട്ടയത്ത് ജന്മം കൊണ്ട ദിനപത്രമായ "കേരളക്കുരുവി"ക്കു അങ്ങനെ കണ്ണൂരും വരിക്കാരുണ്ടായി. കുറച്ചു കാലത്തിനു ശേഷം "കേരളക്കുരുവി" കണ്ണൂര്‍ എഡിഷന്‍ തുറന്നു.

അങ്ങനെ ഒരു ദിവസം കേരളക്കുരുവിയുടെ കര്‍ഷക മാസികയായ "കര്‍ഷകക്കുരുവി"യുടെ സെപ്റ്റംബര്‍ പതിപ്പുമായി യാകൂബ്‌ , പത്രോസിനെ കാണാന്‍ വന്നു.

യാകൂബ്‌:"എടീ അന്നമ്മേ, നിന്റെ ഇച്ചായന്‍ എന്തിയെടീ.."
പുറത്തു തുണി അലക്കികൊണ്ടിരുന്ന അന്നമ്മചെച്ചി പാറമേല്‍ ചിരട്ട കൊണ്ടുരക്കുന്ന പോലത്തെ ഒരു ശബ്ദം കേട്ട് ഉമ്മറത്ത്‌ വന്നു. "അതിയാന്‍ ആ റബ്ബര്‍ ഷീറ്റ് അടിക്കുന്ന ഷെഡില്‍ കാണും."

യാകൂബ്‌ ചെല്ലുമ്പോള്‍ പത്രോസ്, റബ്ബര്‍ ഷീറ്റ് എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു. യാകൂബിനെ കണ്ടു പത്രോസ് താഴോട്ടിറങ്ങി വന്നു.

"എന്താടോ.. നിന്ന് പരുങ്ങുന്നത്. മേളിലോട്ട് വാ."
യാകൂബ്‌ പത്രോസിന്റെ അടുത്ത് ചെന്ന് ആരും കാണുന്നില്ലല്ലോ എന്ന് നോക്കി ചെവിയില്‍ പിറുപിറുത്തു.

"അതേയ്.. ഒരു പുതിയ സാധനം ഇറങ്ങിയിട്ടുണ്ട്.."

പത്രോസ് പുളകിതനായി, ഒരു കള്ളച്ചിരിയോടെ:"ഏത്...പുതിയതെരുവിലിറങ്ങിയ ആ പുതിയ പീസ്‌ ആണോ, പറക്കുളം ശാ..."മുഴുവന്‍ പറയുന്നതിനിടെ യാകൂബ്‌ ചീറ്റി.

"ഛീ.. അതെല്ലടെ ഉവ്വേ.. ഒറ്റ ഒരു വിചാരവും കൊണ്ട് നടക്കും.." പത്രോസ് ചമ്മിയിരിക്കുന്ന നേരം, യാകൂബ്‌ "കര്‍ഷകക്കുരുവി" തുറന്നു ഒരു പേജ് എടുത്തു കാണിച്ചു കൊടുത്തു പറഞ്ഞു..

"ദേ.. നോക്കൂ വാനില.. പുതിയ ഒരു സംഭവം ആണ്, നീ മൊത്തം ഒന്ന് വായിച്ചു നോക്കിയെ...നമ്മുടെ കാലാവസ്ഥക്കും മണ്ണിനും പറ്റിയ സാധനമാ, വിലയുടെ കാര്യം ആണേല്‍ പറയുകയും വേണ്ടാ. റബ്ബറിന്റെ അഞ്ചാറിരട്ടി കൂടുതല്‍ കിട്ടുകയും ചെയ്യും."

ചെറുപ്പത്തില്‍ അഞ്ചു വരെ പള്ളിക്കൂടം പോയത് കൊണ്ട്, പത്രോസിനു വായിക്കാന്‍ വല്ല്യ കൊഴപ്പം ഒന്നും ഉണ്ടായില്ല. മാസിക നിറച്ചും വാനിലചരിതം, വാനില എങ്ങനെ നടാം, എങ്ങനെ വിളവെടുക്കാം, എങ്ങനെ വിറ്റു കാശുണ്ടാക്കാം എന്ന് വേണ്ടാ, സകലതും വാനിലമയം, പോരാഞ്ഞതിനു ഒരു കര്‍ഷകക്കുരുവി വാങ്ങുമ്പോള്‍ 50 ml യുടെ ഒരു വാനില ഐസ് ക്രീം ഫ്രീ ആയി കൊടുത്തിരുന്നു. റിപ്പോര്‍ട്ട്‌ മുഴുവന്‍ വായിച്ചു പത്രോസ് ചിന്താധീനനായി.

അന്ന് രാത്രി പത്രോസ് തന്റെ MBAക്കാരന്‍ പുത്രനോട്, വാനിലക്കാര്യം പറഞ്ഞു. പുത്രന് കാര്യം നന്നേ ബോധിച്ചു, രണ്ടു മൂന്നു ദിവസം കഴിഞ്ഞു രാത്രി അപ്പനെ വിളിച്ചു അകത്തു കയറ്റി വാതിലിനു കുറ്റിയിട്ടു പുത്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

"അതേയ്.. കേട്ടതൊക്കെ ശരിയാ.. ഗള്‍ഫിലും അമേരിക്കയിലും വലിയ വിലയുള്ള സാധനമാ.. യൂറോപ്പിലെ സൂപര്‍ മാര്‍കട്ടിലൊക്കെ വാനില വാങ്ങാന്‍ രാവിലെ മുതല്‍ ആള്‍ക്കാര്‍ ക്യൂ നില്‍ക്കും എന്നൊക്കെയാ കേട്ടിരിക്കുന്നത്, പിന്നെ അമേരിക്കയില്‍ ആണെങ്കിലോ ഓരോ അമേരിക്കകാരനും ദിവസം മൂന്നു വാനില ഐസ് ക്രീം വച്ച് കഴിക്കും.. അപ്പൊ നോക്കിയെ 30 കോടി ഉള്ള ഒരു രാജ്യത്തിന് എന്ത് മാത്രം വാനില വേണ്ടി വരും. പോരാഞ്ഞതിനു വാനിലയില്‍ നിന്നും വീഞ്ഞും മരുന്നും ഉണ്ടാക്കുന്ന ഒരു കമ്പനി കൂടെ ഉണ്ടത്രേ, പിന്നെ വേറൊരു കാര്യം കൂടി" അങ്ങും ഇങ്ങും നോക്കി ആരുമില്ലെന്നുറപ്പിച്ചു പുത്രന്‍ പത്രോസിന്റെ ചെവിയില്‍ പിറുപിറുത്തു "ബ്രിട്ടനില്‍ വാനിലയില്‍ നിന്നും എങ്ങനെ രാസായുധം ഉണ്ടാക്കാം എന്ന് ഗവേഷണം നടക്കുന്നുണ്ട്‌, ഇതൊക്കെ നോക്കിയാല്‍ വില അടുത്ത കാലത്തൊന്നും കുറയും എന്ന് തോന്നുന്നെയില്ല."

അങ്ങനെ പത്രോസും കുട്ട്യോളും തീരുമാനിച്ചു ഇനി വാനില തന്നെ.. ഒരഞ്ചേക്കറില്‍ വാനില നട്ടാല്‍ ഒരു സെന്റിന് ഒന്‍പതു തൈകള്‍ വച്ച് നടുമ്പോള്‍ അഞ്ചേക്കറിന് മൊത്തം 9x100x5 = 4500 തൈകള്‍ ഓരോ തൈയില്‍ നിന്നും മിനിമം അഞ്ചു കിലോ ബീന്‍സ്‌ കിട്ടും, ഓരോ കിലോ ബീന്സിനും അഞ്ഞൂറ് രൂപ വച്ച് കൂട്ടിയാല്‍ തന്നെ മൊത്തം വരവ് ഒരു വിളയ്ക്ക് 4500x5x500 = 11250000. ഇത് ഒരു വിളയ്ക്ക് മാത്രം. ഇനി ഒരു കൊല്ലം നാല് വിള പ്രതീക്ഷിച്ചാല്‍ തന്നെ 4x11250000 = 45000000 ,ഇത് ബീന്സില്‍ നിന്ന് മാത്രം കിട്ടുന്ന വരുമാനം ഇനി പോരാഞ്ഞ് വാനില തൈകള്‍ വിറ്റു കിട്ടുന്ന വരുമാനവും കൂടാതെ ചെടികളും അവശിഷ്ടവും ചേര്‍ന്ന് വരുന്ന കംപോസ്ടിന്റെ വരുമാനവും വേറെ. MBA ക്കാരന്‍ മകന്‍ കാല്‍കുലസ്, എക്സ്ട്രാപോലെഷന്‍ മുതലായ ആധുനിക ഗണിത സങ്കേതങ്ങള്‍ ഉപയോഗിച്ച് ലാഭം കണക്ക് കൂട്ടി ഗ്രാഫ് പ്ലോട്ട് ചെയ്തു. അഞ്ചു വര്ഷം കൊണ്ടു അഞ്ചേക്കറില്‍ നിന്നും ഉണ്ടാക്കാന്‍ പറ്റുന്ന പ്രോഫിറ്റ് ഇരുപത്തഞ്ചു കോടി നാല്പത്തി നാല് ലക്ഷത്തി മൂവായിരത്തി നാനൂറ്റി അമ്പതു രൂപ അമ്പത്തഞ്ചു പൈസ. തുകയുടെ വലിപ്പം കണ്ടു പത്രോസിന്റെ രണ്ടു പുത്രന്‍മാരും ഞെട്ടി. ചെലവ് ഒരു അഞ്ചു കോടി വച്ച്, ബാക്കി ഇരുപതു കോടി എന്ത് ചെയ്യണം എന്നാ കാര്യത്തില്‍ തര്‍ക്കമായി. ഇളയ പുത്രന്‍ ഉടന്‍ തന്നെ മേര്സിഡസ് ബെന്‍സിന്റെ ഓഫീസില്‍ വിളിച്ചു പുതിയ ഒരെണ്ണത്തിന്റെ വില അന്വേഷിച്ചു തുടങ്ങി. മൂത്തവന്‍ ലാഭം സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചേ പറ്റൂ എന്ന തന്റെ മുന്‍നിലപാടില്‍ ഉറച്ചു നിന്നു. അന്നമ്മച്ചേച്ചിക്കാണേല്‍ ഒരു കിലോ സ്വര്‍ണം കൊണ്ടൊരു പൊന്‍കുരിശുണ്ടാക്കി വേളാങ്കണ്ണി കാഴ്ച വച്ചേ എന്ന് വാശിയായി. പത്രോസാകട്ടെ ഇരുപതു കോടി കിട്ടിയാല്‍ കുടിയാന്മാലയുടെ പകുതി വാങ്ങാം എന്ന തന്റെ ചിരകാലഅഭിലാഷം പൂവണിയിക്കാം എന്ന് വിചാരിച്ചു അപ്പോള്‍ ഒന്നും മിണ്ടിയില്ല. ഈ വിവരം മറ്റുള്ള കര്‍ഷകശ്രീകള്‍ അറിയാതിരിക്കാന്‍ കുടിയാന്മല ടൌണിലും പോരാത്തതിന് തളിപ്പറമ്പിലും ഉള്ള സകല "കര്‍ഷകക്കുരുവി" മാസികകളും ഒന്നിച്ചു വാങ്ങിക്കാന്‍ ഇളയ പുത്രനെ ശട്ടം കെട്ടി.

അഞ്ചേക്കറില്‍ നിരന്നു നില്‍ക്കുന്ന റബ്ബറിന്റെ കടയില്‍ കോടാലി വീണു. അത്രയും നാള്‍ അന്നദാതാവായ റബ്ബര്‍ മരങ്ങളെ നോക്കി MBA ക്കാരന്‍ പുച്ഛത്തോടെ നോക്കി മനസ്സില്‍ പിറുപിറുത്തു."ഹമ്മ്മ്.. അശ്രീകരം.. നില്‍ക്കുന്ന നില്പ് കണ്ടില്ലേ.." ഒടുവില്‍ അവസാനത്തെ അമ്പതു സെന്റിലെ റബ്ബര്‍ വെട്ടാന്‍ പത്രോസ് സമ്മതിച്ചില്ല.. എന്തായാലും ഇത്രയും വരെ എത്തിച്ച റബ്ബറിനോട് പത്രോസിന്റെ പഴയ മനസ്സില്‍ ഒരു ചെറു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ടായിരുന്നു. ബാക്കിയുള്ള നാലര എക്കരിലും വാനില വിടര്‍ന്നു. കൃഷിയിലും പരിപാലനത്തിലും അതീവ ശ്രദ്ധാലുവായ പത്രോസിന്റെ ശ്രദ്ധയില്‍ വാനില ചെടികള്‍ തടിച്ചുകൊഴുത്ത് പൂത്തുലഞ്ഞു.

വാനില വിളവെടുപ്പിനു സമയമായി, വിടര്‍ന്നു നില്‍കുന്ന ബീന്സുകള്‍ എല്ലാം അരിഞ്ഞെടുത്ത്‌ പത്രോസും കുട്ട്യോളും ഷെഡിലേക്ക് മാറ്റി, കള്ളന്‍ കട്ട് പോകാതിരിക്കാന്‍ കമ്പി വേലി കെട്ടി പോരാത്തതിന് 240 V AC പാസ്‌ ചെയ്യിപ്പിച്ചു. പക്ഷെ വാനില വാങ്ങാന്‍ ആരും വന്നില്ല, പത്രോസ് കുന്നിറങ്ങി കണ്ണൂരിലും കോഴിക്കോടും പച്ച വാനില ബീന്‍സിന്റെ വില അന്വേഷിച്ചു ആര്‍ക്കും വാനില വേണ്ടാ, ഇതെങ്ങനെ സംഭാവിച്ച് എന്നറിയാതെ പത്രോസ് അന്തം വിട്ടു നിന്നു. തലേ വര്ഷം വാനിലക്ക് വില കൂടി അഞ്ഞൂറ് രൂപ ആയത് ഗ്വാട്ടിമാലയിലും പാപുവ ന്യൂ ഗിനിയയിലും വെള്ളപ്പൊക്കവും "എല്‍നിനോ"വും കാരണം കൃഷി നശിച്ചത് കൊണ്ടാണെന്നും, ഇക്കൊല്ലം അവിടെല്ലാം നല്ല വിളവുള്ളത് കൊണ്ട് യൂറോപ്യന്‍ വിപണിയില്‍ വില കുത്തനെ ഇടിഞ്ഞെന്നും, പോരാത്തതിന് സ്വാഭാവിക വാനിലയെ വെല്ലുന്ന കൃത്രിമ വാനിലകള്‍ അമേരിക്കന്‍ വിപണികള്‍ കൈയടിക്കിയെന്നുമുള്ള ന്യൂസ്‌ കണ്ടു പത്രോസിന്റെ ഉള്ളു കാളി. ഇനി എത്ര വില കിട്ടുമെന്നുള്ള ചോദ്യത്തിന് കിലോക്ക് എഴുപതു അല്ലേല്‍ എഴുപത്തഞ്ചു രൂപ തരാമെന്നു പറഞ്ഞപ്പോള്‍ "എഴുപത്തഞ്ചു ഉലുവ എന്റെ പട്ടിക്ക് പോലും വേണ്ടാ എന്ന് പറഞ്ഞു പത്രോസ് തിരിഞ്ഞു നടന്നു."

വീട്ടില്‍ ഉമ്മറത്ത്‌ വന്നിരുന്നു ഷെഡിലെ വാനില നോക്കി താടിയില്‍ കയ്യും കൊടുത്തിരിക്കുന്ന പത്രോസിനോട് MBAക്കാരന്‍ പുത്രന്‍ ഉള്ള വിലയ്ക്ക് വിറ്റെക്കാം എന്ന് പറഞ്ഞു. തിരിച്ചു കടയില്‍ പോയ പത്രോസിനോട് വില വീണ്ടും കുറഞ്ഞെന്നും ഇപ്പൊ നാല്പതിലും കുറവാണെന്ന് പറഞ്ഞു കടക്കാരന്‍ വീണ്ടും മടക്കി.

MBAക്കാരന്‍ പുത്രന്‍ അത്ര പെട്ടെന്ന് തോറ്റു കൊടുക്കുന്ന ടൈപ്പ് ആയിരുന്നില്ല. ക്ലാസ്സില്‍ പഠിച്ച റീയൂസബിലിടി, റീ-എഞ്ചിനീയറിംഗ് എന്നീ തത്വങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്, അന്നമ്മചേച്ചിയോട് വാനില ബീന്‍സ്‌ സാധാരണ ബീന്‍സ്‌ തോരന്‍ വയ്ക്കുന്നത് പോലെ കറി വയ്ക്കാന്‍ പറഞ്ഞു. MBA ക്കാരന്‍ പുത്രന്റെ പഠിപ്പിലും പത്രാസിലും പൂര്‍ണ വിശ്വാസം ഉണ്ടായിരുന്ന അന്നമ്മചേച്ചി വാനില ബീന്‍സ്‌ തോരന്‍ വച്ചു. ആദ്യത്തെ സ്പൂണ്‍ വായില്‍ കൊണ്ട ഉടനെ ഓക്കാനം വന്ന MBA ക്കാരന്‍ ഇത് മനുഷ്യന് തിന്നാല്‍ പറ്റില്ലെന്നും എന്നാല്‍ കാലിത്തീറ്റ ആയി ഉപയോഗിക്കാമെന്നും അന്നമ്മചെചിയെ വിശ്വസിപ്പിച്ചു. കാടി വെള്ളത്തിന്റെ കൂടെ വാനില ബീന്‍സ്‌ കറി കൂട്ടി അന്നമാച്ചേച്ചിടെ സ്വന്തം ജേര്‍സി പശു ഘോര ഘോരം വാള് വെച്ചു. ബീന്‍സ്‌ കൊടുക്കാന്‍ ചെന്ന MBA ക്കാരന്‍ പുത്രനെ കുത്തി മറിച്ചിട്ട് പശു തന്റെ പ്രതിഷേധം അറിയിച്ചു. കുത്ത് കൊണ്ട് പുറം നൊന്ത MBA ക്കാരന്‍ ക്രയിസിസ് മാനേജ്മെന്റിന്റെ പുസ്തകം റെഫര്‍ ചെയ്യാന്‍ വീട്ടിനുള്ളിലേക്ക് ഓടിക്കയറി.

പത്രോസ് അവശേഷിച്ച തന്റെ അമ്പതു സെന്റ്‌ റബ്ബര്‍ തോട്ടത്തിലേക്ക് നടന്നു. വാനിലയ്ക്ക് കൊടുത്ത അമിതശ്രദ്ധ കാരണം അവഗണിക്കപ്പെട്ട റബ്ബര്‍ ചെടികള്‍ കരിയാന്‍ തുടങ്ങിയിരുന്നു. തൊടിയിലെ കുളത്തില്‍ നിന്നും ഒരു കുടം വെള്ളമെടുത്ത് പത്രോസ് കരിയാന്‍ തുടങ്ങിയ റബ്ബര്‍ തൈയുടെ ചുവട്ടില്‍ ഒഴിച്ചു. ഒരു മന്ദമാരുതനില്‍ റബ്ബറിന്റെ കരിയാന്‍ തുടങ്ങിയ തളിരിലകള്‍ പതിയെ ആടി പത്രോസിന്റെ നരച്ച താടിരോമങ്ങളില്‍ വാല്‍സല്യത്തോടെ തലോടി.

തോട്ടത്തില്‍ നിന്നും തിരിച്ചു വന്ന പത്രോസിനെയും കാത്തു യാകൂബ്‌ വെളിയില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു, കൈയില്‍ "കര്‍ഷകക്കുരുവി"യുടെ പുതിയ പതിപ്പ്.

യാകൂബ്‌:"അതേയ്.. വേറെ ഒരെണ്ണം പുതിയത് ഇറങ്ങിയിട്ടുണ്ട്.. ഇത് വാനില പോലെ അല്ലാ, വിപണി ആഭ്യന്തരം ആയത് കൊണ്ട് വില കുറയും എന്നാ പേടി വേണ്ടാ.. സാധനത്തിനു ഡിമാന്‍ഡ് ഒരിക്കലും കുറയില്ല." ഒരു കള്ളച്ചിരിയോടെ വായ പോത്തിക്കൊണ്ട് യാകൂബ്‌ തുടര്‍ന്നു "സാധനം, സഫെദ്‌ മുസലി കിഴങ്ങ്.."

ഇതിനുള്ള മറുപടി പത്രോസ് ഏതു ഭാഷയില്‍ ആണ് പറഞ്ഞത് എന്ന് യാകൂബിനോ, അന്നമ്മച്ചേച്ചിക്കോ, MBAക്കാരന്‍ മകനോ, ഇതെഴുതുന്ന ആശാനോ ഇത് വരെ പിടികിട്ടിയിട്ടില്ല.

വാല്‍ക്കഷണം: കേരത്തില്‍ വാനില കൃഷി ചെയ്ത കര്‍ഷകശ്രീകള്‍ ആകാശം നോക്കി നില്‍ക്കുമ്പോള്‍ ഭൂഗോളത്തിന്റെ നേരെ 180 ഡിഗ്രി അപ്പുറത്ത് കാലിഫോര്‍ണിയയില്‍ ടോം ക്രൂയിസ് പെനെലോപ്‌ ക്രൂസിനെ കെട്ടിപ്പിടിച്ചു കൊണ്ട് "ദി വാനില സ്കയി"യുടെ ഷൂട്ടിംഗ് തകര്‍ത്തു നടക്കുവാരുന്നു. അല്ലേലും എലിക്കു പ്രാണ വേദന എടുക്കുമ്പോള്‍ ആണല്ലോ പൂച്ചയുടെ "പ്രമദവനം.." മൂളല്‍.